കാസര്‍ഗോഡ്: ബസിൽ വച്ച് വിദ്യാർഥിനിക്കുനേരെ കണ്ടക്ടറുടെ അതിക്രമം. കര്‍ണാടക ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്.
ബസിലെ കണ്ടക്ടര്‍ മോശമായി സപർശിച്ചെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് പരാതി.
കാസർഗോഡ് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വച്ചാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്ത വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
അതേസമയം, പഠനത്തിനായി രാവിലെയും വൈകുന്നേരവും ബസിലാണ് മംഗളൂരുവിലേക്ക് പോകുന്നതെന്നും ബസിൽ യാത്ര ചെയ്യുന്നതിന് പാസുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.
മുമ്പ് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും മോശമായി പെരുമാറാൻ ശ്രമിച്ചു. രാവിലെ എട്ടേമുക്കാലിന് ബസിൽ കയറിയപ്പോഴായിരുന്നു സംഭവം. പ്രതികരിച്ചപ്പോള്‍ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ചീത്ത വിളിക്കുകയായിരുന്നു.
പരാതി നൽകുമെന്ന് പറഞ്ഞപ്പോള്‍ എന്തു വേണമെങ്കിലും ചെയ്തോളാൻ പറഞ്ഞ് നടുറോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പരീക്ഷ എഴുതാനായില്ലെന്നും കോളജ് വിദ്യാർഥിനി പറഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം പോലീസിൽ പെണ്‍കുട്ടി പരാതി നൽകി.